24 April, 2010

Rithu - As I See It



ഞാന്‍ കണ്ട ഋതു
കൊച്ചു സിനിമ എനിക്ക് ഒത്തിരി ഇഷ്ടമായി. ഒപ്പം ശ്യാമപ്രസാദ് എന്ന സംവിധായകന്‍ കാണിച്ച ധൈര്യവും - ഇങ്ങിനെ ഒരു സിനിമ പുതിയ അഭിനേതാക്കളെ വച്ച് എടുക്കാന്‍.

ഒരു പരിധി വരെ ഇന്നിന്റെ ഒരു നേര്‍ കാഴ്ച ആയിരുന്നു പടം. ഇന്നത്തെ യുവാക്കളുടെ ചിന്ത അതിനെ ശരിക്കും മനസ്സിലാക്കാനാവാത്ത സമൂഹവും അച്ഛനമ്മമാരും.



അമേരിക്കയിലെ ജോലി വിട്ടെറിഞ്ഞ്‌ വരികയാണ് നായകന്‍. നിങ്ങളുടെ സുഹൃത്ത് സംഘങ്ങളില്‍ തന്നെ എത്ര പേര്‍ അങ്ങിനെ തിരികെ വന്നിട്ടുണ്ട്, നാടിന്റെ വിളി കേട്ട്... എന്നെങ്കിലും അമേരിക്കയിലേയോ ബംഗലൂരിലെയോ തിരക്കിനെ വിട്ടു നാടിന്റെ ശാന്തി മോഹിച്ചു... ഞങ്ങളെ എത്ര തന്നെ മോഡേണ്‍ എന്നോ, അഹങ്കാരികള്‍ എന്നോ വിളിച്ചോളൂ.. പക്ഷെ നാടിനെ ഞങ്ങളോളംകേരളം വിട്ടു ഒരിക്കലും പുറത്തു വരാത്ത നിങ്ങള്‍ സ്നേഹിച്ചിട്ടില്ല കേട്ടോ...

ചെറുപ്പത്തിന്റെ കുസൃതിയും, ധൈര്യവും, കൊച്ചു കൊച്ചു വട്ടുകളും നന്നായി തന്നെ അവതരിപ്പിച്ചു. പരിധികള്‍ ഇല്ലാത്ത സൌഹൃദവും, സ്നേഹവും നമ്മള്‍ കണ്ടു. എന്തും പറയാന്‍, പങ്കു വക്കാന്‍, എന്ത് മണ്ടത്തരവും കൂടെ നിന്ന് നടത്താന്‍, അതല്ല ഒരു പുതിയ കമ്പനി തുടങ്ങാന്‍ ആണേല്‍ കൂടെ കൂട്ടുകാരുണ്ട് ഞങ്ങള്‍ക്ക്. ഇണക്കവും, പിണക്കവും, ചെറിയ കുശുമ്പും ഒക്കെ ഞങ്ങളുടെ ലോകത്തിലും ഉണ്ട്.

ഇടയ്ക്കു ഒരുത്തന്‍ പിരിഞ്ഞെങ്കിലും, നായകന്‍റെ ആദ്യ വിജയം പങ്കിടുമ്പോള്‍ അവന്‍ പിന്നിലാകുന്നില്ല. കൂട്ടുകാര്‍ എന്നെന്നേക്കും വേണ്ടിയല്ലേ...

ജോലി ഓഫീസ് സക്സസ് എന്നിവയുടെ പിറകെ പായുമ്പോള്‍ മറക്കുന്ന കുടുംബ ജീവിതവും ഇതില്‍ കാണാം. പക്ഷെ ജോലിക്കും ജീവിതത്തിനും ഒരേ പോലെ പങ്കിടല്‍ നടത്തുന്നവര്‍ ആണ് ഞങ്ങളില്‍ അധികവും.

നിറയെ സ്നേഹിക്കുന്ന അമ്മ. അച്ഛന്റെയും മക്കളുടെയും ഇടയില്‍ പാലമാകുന്ന, മക്കള്‍ക്ക്‌ ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അമ്മ.... അച്ഛന്റെ ഇടപെടല്‍ - ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കാത്ത, മകന്റെ ഇഷ്ടത്തിന് എതിരെ നാടിന്റെ ഒട്ടതിനനുസരിച്ചു അവനെ പഠിപ്പിക്കുന്ന അച്ഛന്‍. അവസാനം മകനെ അവന്റെ ഇഷ്ടതിനോട് കൂടെ പോകുവാന്‍ പറയുന്ന അച്ഛന്‍.

എന്നെ ഏറ്റവും ഇതില്‍ സ്പര്‍ശിച്ചത് എല്ലാവരുടെയും ജീവിതം എങ്ങിനെ മാറി എന്നത് കാണിച്ചതിലാണ്. തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ സന്തോഷം, അതിലെ ആത്മ സംതൃപ്തി അതാണ് എന്നെ ഏറ്റവും അടുപ്പിച്ചത് കഥയോട്. അതിപ്പോള്‍ ഒരാള്‍ കഥാകൃത്തും, മറ്റൊരാള്‍ ചെറിയ സാമൂഹ്യ പ്രവര്‍ത്തനവും ഒക്കെ ആയി... തനിക്കിഷ്ടപ്പെട്ട തന്‍റെ വഴിയില്‍.. അത്രയും ആഹ്ലാദവും, പൂര്‍ണതയും വേറെ എന്തിനാ തരാന്‍ കഴിയുക.

സിനിമ കണ്ടപ്പോള്‍ നിങ്ങള്‍ക്കും തലമുറ അത്ര കുഴപ്പം പിടിച്ചതല്ല എന്ന് തോന്നിയോ... നിങ്ങളുടെ മുന്‍ ധാരണ മാറ്റി വച്ച്, സംഭവങ്ങളെ അതിന്റെ രീതിയില്‍ കാണൂ, നിങ്ങള്‍ക്കും ഇഷ്ടമാകും സിനിമയും, തലമുറയും..

0 comments:

Post a Comment

What is your view about this movie...